Friday, March 23, 2012

തനിച്ചാകുമ്പോള്‍



തനിച്ചാകുമ്പോള്‍
എവിടെ നിന്നോ ഒരു ജീവി
ഇഴഞ്ഞെത്തുന്നു

കുളക്കടവില്‍ മറന്നു വച്ച പാദസരം
പൊട്ടിയ വളകള്‍
കുന്നിക്കുരു
അപ്പൂപ്പന്‍താടി
സിബി, മഞ്ജു, മരീഷ, ഇക്കരന്‍......
ഇരുന്നൂറു പേജ് ബുക്ക്
ടാര്‍സന്‍ , ഹീമാന്‍, ഒട്ടിപ്പോ
പൂക്കളുള്ള പെന്‍സില്‍
മണമുള്ള റബ്ബര്‍
സ്ലേറ്റ്, മഷിതണ്ട്, കല്ലുപേന, ബോക്സ്‌
ബ്രൌണ്‍ പേപ്പര്‍
പകര്‍ത്തെഴുത്ത്
ചൂരല്‍, ഇമ്പോസിഷന്‍
മധുര നാരങ്ങ, ചക്കരമൊട്ടായി
പുളി, മാങ്ങാ, ചാമ്പങ്ങ
പേരക്ക, ഞാവല്‍ക്ക, മുള്ളുങ്കാ
ആനിവേഴ്സറി
നാടകം
സമ്മാനം
പ്രധാനാധ്യാപികയുടെ
കരച്ചില്‍
ഗ്രൂപ്പ് ഫോട്ടോ
പരീക്ഷ
അവധി
കള്ളനും പോലീസും
ഒടിഞ്ഞ കൈ
അമ്മയുടെ വഴക്ക്
അപ്പന്‍റെ തല്ല്
പനി, ചുമ
ആശുപത്രി മണം
അങ്ങനെ അങ്ങനെ ....

പലതുമായി
വാതിക്കല്‍ വന്നെത്തി
തിരിച്ചു പോകുന്നു
തനിച്ചാകുമ്പോള്‍
വീണ്ടും വരാന്‍

Friday, March 9, 2012

ആദവും ഹൗവ്വയും

ആദം...
നീ തിന്നെറിഞ്ഞ
കനി മുളപൊട്ടി
പൂവായി, കായായി
പഴുത്തു കിടക്കുന്നു

ഹൗവ്വാ...
ആ പാമ്പ്
ഇപ്പോഴും ഇഴഞ്ഞു
വന്നുകൊണ്ടിരിക്കുന്നു

ദൈവമേ...
നഷ്ട പറുദീസകളുടെ
എണ്ണം കൂട്ടരുതേ

Thursday, March 1, 2012

നിറങ്ങള്‍

പച്ച

വിശന്നു തളരുന്ന
ബാല്യത്തില്‍
ചാണകം മെഴുകിയ
തറയില്‍ കിടന്നു കാണുന്ന
പനയോല മണമുള്ള
എന്റെ പരിമിതികള്‍ ആയിരുന്നു

നീല -

ദ്രവിച്ച ഓലകീറിനിടയിലൂടെ
ഞാന്‍ കാണുന്ന പ്രതീക്ഷയായിരുന്നു

മഞ്ഞ

കളികൂട്ടുകാരിയുടെ
പുത്തന്‍ ഉടുപ്പിന്റെ
പ്രണയാതുരമായ
മണമായിരുന്നു

ചുവപ്പ്

ഹൃദയ രക്തമൂറ്റി
അവള്‍ക്ക് എഴുതിയ
വരികളായിരുന്നു

വെളുപ്പ്‌

പാതിയായ ഡയറിയില്‍
ഇനിയും എഴുതാത്ത
ആത്മഹത്യാ കുറിപ്പുകള്‍

കറുപ്പ്

നീ പകര്‍ന്നു തന്ന
അഗാധമായ ശൂന്യത