Monday, November 30, 2009

വൃത്തവും പ്രാസവും

ഇടയില്‍ തലപൊന്തുന്ന
വിമര്‍ശന ബുദ്ധിയായ
വായനക്കാരാ
താങ്കള്‍ തേടുന്നത്
എന്താണ് ?
വൃത്തവും പ്രാസവുമോ ?
ജീവിതത്തിന്‍റെ വൃത്തവും
പ്രാസവും തെറ്റുമ്പോഴാണ്
സുഹൃത്തേ ,
ഈ ഉള്ളവന്‍ കവിത
എഴുതി പോകുന്നത്

Tuesday, November 17, 2009

കിളി

ആകാശം സ്വപ്നംകാണുന്ന കിളി
മരച്ചില്ലയില്‍ കൂടുക്കൂട്ടിയുറങ്ങുന്നു
അതിന് കൂട്ട്, ഭൂമിയിലെ കാറ്റും
മണ്ണിലെ വിത്തും.
കൂടുപേക്ഷിച്ചു
വിത്ത് കൊത്തിയെടുത്തു
കാറ്റില്‍ പറന്നുയരുന്ന കിളി,
നക്ഷത്രങ്ങളെ കൊത്തിതിന്നു
മേഘങ്ങളില്‍ കൂടുകൂട്ടാമെന്നു
വ്യാമോഹിക്കുന്നു.

നക്ഷത്രങ്ങളെ കാണാതെ
മേഘങ്ങളില്‍ മുട്ടാതെ
ചിറകു കുഴഞ്ഞു
അവസാനം -
മരച്ചില്ലയിലെ കൂട്ടില്‍
കാറ്റില്‍ ക്ഷീണമകറ്റി
മണ്ണില്‍ വിത്ത് കാഷ്ടിക്കുന്നു

Thursday, November 5, 2009

അപരന്‍

ചാനലുകള്‍ ചവച്ചുതുപ്പിയ
'നേതാവ്' ഉച്ച്ചിഷ്ടമായപ്പോള്‍
പേരില്‍ മാറ്റമില്ലാത്ത,
ചാലനുകളില്‍ കാണാത്ത
പുത്തനായവനിട്ടൊന്നു കുത്തി
പിറ്റേന്ന് പത്രം പറഞ്ഞു
'അപരന്‍' നേതാവിന്റെ
പതിനായിരം മാറ്റിയെന്നു
പിന്നേ.......
പൊട്ടന്മാരല്ലേ
വോട്ടുചെയ്യാന്‍ പോകുന്നത്

ചാലിയാര്‍ തോണി അപകടത്തില്‍ ന്യൂട്ടന്റെ പങ്ക്

മുങ്ങുന്നതിനു മുന്‍പ്
നമ്മള്‍ സംസാരിച്ചത്
ഫിസിക്സിലെ ചലന
തത്വത്തെക്കുറിച്ചായിരുന്നു
ഒന്നും, രണ്ടും തത്വങ്ങള്‍
നാമിരുവരും വള്ളത്തില്‍
അനുഭവിച്ചറിഞ്ഞു
നിന്റെ കരങ്ങള്‍ എന്നെ
ജീവനിലേക്കു നടത്തിയപ്പോള്‍
മൂന്നാമത്തെ തത്വം ഞാന്‍
മാത്രമറിഞ്ഞു
To every action there is
an equal and opposite reaction

Monday, November 2, 2009

മിസ്സ്‌ഡ്‌ കോള്‍ കാലത്തെ പ്രണയം

1.
ഇണകിളികള്‍ ഇപ്പോഴും
കൂടുകൂട്ടാറുണ്ട്
ട്രെയിനില്‍
ബസ്സില്‍
പാര്‍ക്കില്‍
ആളൊഴിഞ്ഞ മൂലയില്‍ .......

അടുത്ത ഒരു
മിസ്സ്‌ഡ്‌ കോളില്‍
ഒരുപക്ഷേ
കൂടൊഴിയുകയും
അടുത്ത കൂട്
കൂട്ടുകയും ചെയ്യും !!


2.
ആദ്യ മിസ്സ്‌ഡ്‌ കോള്‍
വന്നപ്പോള്‍
സോറി, റോംഗ് നമ്പര്‍
പിന്നെ -
ശല്യം
നാശം
പിന്നെ പിന്നെ -
പൊന്നേ
ചക്കരേ
പിന്നെ പിന്നെ പിന്നെ -
വയറിനുള്ളില്‍
ഒരു റോംഗ് നമ്പര്‍ !!

Friday, September 18, 2009

വര്‍ഗ്ഗസമരം

വര്‍ഗ്ഗസമരത്തിനു
ഇറങ്ങിപുറപ്പെട്ടപ്പോള്‍
മറ്റൊന്നും ചിന്തിച്ചില്ലായിരുന്നു
ഭാര്യ, കുടുംബം, മക്കള്‍, സ്വത്ത്‌ .......

ഇന്നു എല്ലാം ചിന്തിച്ചു
തുടങ്ങിയപ്പോള്‍
ഒന്നു മാത്രം മറന്നു
ഏതു വര്‍ഗ്ഗം ?

Tuesday, August 18, 2009

പ്രണയാധ്യായങ്ങള്‍

1. പ്രണയം
സത്യമെന്നു നിനയ്ക്കുമ്പോഴും
സത്യമല്ലാത്തത്
പൂര്‍ണമെന്നു പറയുമ്പോഴും
അപൂര്‍ണമാകുന്നത്
എന്റെ മാത്രം എന്ന് പറയുമ്പോള്‍
അങ്ങനെയും അല്ലാത്തത്

2. പ്രണയിനി
മധുരം കലക്കിയ
പാത്രത്തില്‍ അല്പം
വിഷവും ചേര്‍ത്ത്
സദാനേരവും
ഊട്ടുന്നവള്‍

3. നഗ്നത
കാണിക്കാന്‍
മടിക്കുന്നതല്ല
എത്ര കാണിച്ചാലും
വെളിവാകാത്ത ഒന്ന്

4. രതി
രമിക്കുമ്പോള്‍
തീപാറുന്നത്
രസം തീരുമ്പോള്‍
തിരിഞ്ഞു കിടക്കുന്നത്

Thursday, May 21, 2009

കവിയുടെ ശവമഞ്ചം

ഇത് ഒരു കവിയുടേ
ശവമഞ്ചം
ആരും ചുമക്കുവാനില്ലാതെ
ആരോ പെരുവഴിയില്‍
ഉപേക്ഷിച്ച ശവമഞ്ചം
അതിലിന്നലയുടെ
ദുസ്സഹ നാറ്റം

ഇത് ഒരു കവിയുടെ
ശവകച്ച
ആരോ വലിച്ചെറിഞ്ഞ
ഒരു തുണ്ട് തുണി
അതിലിവന്റെ ഹൃദയരക്തം
പൊടിഞ്ഞുണങ്ങിയിരിക്കുന്നു

ഇത് ഒരു കവിയുടെ
വിലാപയാത്ര
ആരുമില്ലാതെ
ആരുമറിയാതെ
ഏകാന്തനായി..........

ഇത് ഒരു കവിയുടെ
പ്രാര്‍ഥനാസൂക്തങ്ങള്‍
എല്ലാ പ്രണയവും
സത്യമെന്നു നിനക്കരുത്

Wednesday, March 25, 2009

പ്രേതവിചാരണ

അകത്തെ മുറിയില്‍
കീറിമുറിച്ച അവളുടെ
ശവം കിടക്കുന്നു

ഉന്തിയ കണ്ണില്‍
അവസാനം കണ്ട സ്വപ്നം
വാടികിടക്കുന്നു
അതു കാണാതെങ്ങനെയവരാ
കണ്ണുകളില്‍ ഉമ്മവെച്ചു

പൊട്ടിയ ചുണ്ടില്‍
പറയുവാന്‍ ബാക്കിവെച്ചതെന്തോ
മരവിച്ചു നില്‍ക്കുന്നു
അതു തടഞ്ഞെങ്ങനെയവരാ
ചുണ്ടുകള്‍ നുകര്‍ന്നു

കലങ്ങിയ മുലകളില്‍
ഒരു കുഞ്ഞിന്റെ വിശപ്പ്
തെളിഞ്ഞു നില്‍ക്കുന്നു
അതു തട്ടിതെറിപ്പിച്ച്
എങ്ങനെ അവരതൂറ്റി കുടിച്ചു

രക്തച്ചാല് പൂണ്ട ഉടലില്‍
ഒരു കാമുകന്റെ മോഹങ്ങള്‍
നീലച്ചു കിടക്കുന്നു
അതു ചവുട്ടിമെതിച്ച്
എങ്ങനെയവരത് പുണര്‍ന്നുല്ലസിച്ചു

ഉഴുതു മറിഞ്ഞ
ജനേന്ദ്രിയത്തില്‍
ഒരു ജീവന്റെ ജാലകം
അടഞ്ഞു കിടക്കുന്നു
അത് തള്ളിതുരന്നെങ്ങനെയവര്‍
മുഴുവന്‍ കവര്‍ന്നെടുത്തു

അകത്തെ മുറിയില്‍
കീറിമുറിച്ച അവളുടെ
ശവം കിടക്കുന്നു


അതില്‍
വാടിയ സ്വപ്നങ്ങളും
പാതി വാക്കും
കുഞ്ഞിന്റെ വിശപ്പും
കുറേ മോഹങ്ങളും
അനാഥമായി
കിടക്കുന്നു

Monday, March 23, 2009

പ്രണയശിക്ഷ

നിന്നെ പ്രണയിച്ചതിനു
തന്ന ശിക്ഷ മരണമല്ലായിരുന്നു
ജീവിതമായിരുന്നു !!
അബോധത്തിലെ അലച്ചിലായിരുന്നു
വീര്‍പ്പുമുട്ടിക്കുന്ന
സൂട്ടും കോട്ടുമായിരുന്നു
പാതിമരിച്ച ചിരിയായിരുന്നു
വെളുത്ത പുറത്തിനും
കറുത്ത അകത്തിനും ഇടയില്‍
ഇനിയും പിറന്നിട്ടില്ലാത്ത
കവിതകളുടെ കനല്‍മൊഴികള്‍
തേടലായിരുന്നു

Saturday, March 7, 2009

വാക്ക്

നീണ്ട
കലഹത്തിനോടുവില്‍
വാക്കും ശരീരവും
വഴി പിരിഞ്ഞു
ശരീരം വാക്കിനോട്
ഒരു നീതിയും
പുലര്‍ത്തിയിരുന്നില്ല

ശരീരം പിറന്നപ്പോള്‍
വിളിച്ചറിയിച്ചതും
വളര്‍ന്നപ്പോള്‍
വെളിച്ചമായതും
പ്രേമിച്ചപ്പോള്‍
മധുരമായതും
വാക്കായിരുന്നു
ഒടുവില്‍
ഇരുളിന്റെ മറവില്‍
ശരീരം വാക്കിനെ വഞ്ചിച്ചു

ആദ്യം
ഇരുളിലും
പിന്നെ
വെളിച്ചത്തും വാക്ക്
അവമതിക്കപെട്ടു

തെരുവുകളില്‍
വാക്കും ശരീരവും
ദ്വന്ദയുദ്ധത്തിലേര്‍പ്പെട്ടു
വാക്കിന്റെ പ്രാണനെ
പിഴുതെടുത്ത്
ചത്ത വാക്കുകള്‍
കാഴ്ച്ചകരുടെ മുഖത്തേക്ക്
വലിച്ചെറിഞ്ഞ ശരീരം
കൈയടിയും ജയ് വിളിയും നേടി

കോടതിയുടെ
മരവിച്ച മുറിക്കുള്ളില്‍
പലവുരു വാക്ക്
വ്യഭിച്ചരിക്കപെട്ടു
മാറ്റിയും മറിച്ചും
നീതിയുടെ തുലാസില്‍
ശരീരം ഉയര്ന്നു
തന്നെ നിന്നു

പത്രതാളുകള്‍
നാവ് മുളപ്പിച്ചു
വാക്കിനെ
പിച്ചി ചീന്തി
നിറങ്ങളുടെ
താളത്തിലും
കൊഴുപ്പിലും
ചാനലുകള്‍
അമ്മാനമാടി

മുറിഞ്ഞ വാക്കും
ചത്ത വാക്കും
ആക്രോശിക്കുന്നു
'ശരീരത്തിന്റെ വായില്‍
പട്ടയടിച്ചു
പട്ടട മു‌ടാന്‍
ആരുടെ നവിന്നൊരു
ഉയിരുള്ള വക്കുതിര്‍ക്കും

പിറന്ന മണ്ണില്‍
മണ്ണിന്റെ മക്കള്‍
വെടിയേറ്റു വീഴുമ്പോള്‍
യുവരക്തത്താല്‍
മണ്ണ് ചുവക്കുമ്പോള്‍
എച്ചില്‍ കൂനകളില്‍
കബന്ധങ്ങള്‍ അടിയുമ്പോള്‍
ഒരമ്മയുടെ, ഒരു കുഞ്ഞിന്റെ
തീപാറുന്ന നോട്ടത്തിനു മുന്‍പില്‍
ശരീരം
വാക്കിനായി പരതി

തിരിച്ചറിവിന്റെ വറുതിയില്‍
വാക്ക്
ഉയിരയിരുന്നുവെന്നു
ശരീരം അറിഞ്ഞു
അപ്പോള്‍ വാക്ക്
ശരീരത്തില്‍ നിന്നകന്ന്
എത്തിപ്പിടിക്കാന്‍ കഴിയുന്നതിലും
ദൂരത്ത് എത്തിയിരുന്നു

Tuesday, March 3, 2009

ഇരുളും മനുഷ്യനും

ഇരുളെന്നു പറഞ്ഞതിനെ
കറുപ്പെന്നു പറഞ്ഞു
കറുപ്പെന്നു പറഞ്ഞതിനെ
നിറമെന്നു പറഞ്ഞു
നിറമെന്നു പറഞ്ഞതിനെ
സുന്ദരമെന്നു പറഞ്ഞു
സുന്ദരമെന്നു പറഞ്ഞതിനെ
ദൈവമെന്നു പറഞ്ഞു
ദൈവമെന്നു പറഞ്ഞതിനെ
മനുഷ്യനെന്നു പറഞ്ഞു
മനുഷ്യനെന്നു പറഞ്ഞതിനെ
ഇനി നാമെന്തു പറയും ?

അഭിസാരിക

എന്‍റെ സീടിനരികെ
അവള്‍ ഉണ്ടായിരിന്നു
അവള്‍ നിശബ്ദയായിരുന്നു
പക്ഷേ ആയിരം നാവുണ്ടായിരുന്നു
കണ്ണില്‍ തിളക്കമുണ്ടായിരുന്നു
അവസാനം വണ്ടി നിന്നു
ഞാനിറങ്ങി, അവളും
എന്‍റെ പിന്‍പേ നടന്നു
എന്റെയൊപ്പം നടന്നു
എന്‍റെ മുന്നേ നടന്നു
കാര്‍ക്കിച്ചു തുപ്പി
ചീത്ത വിളിച്ചു
പിന്നെയടുത്ത വണ്ടിക്ക്‌
കൈകാട്ടി

Monday, March 2, 2009

ഒരു കോപ്പ കള്ള്

എരിവും പുളിയുമായി
മേശ നിറഞ്ഞു
കോപ്പയില്‍ നിറയുന്നത്
കെട്ടിയവളുടെ കണ്ണീരാണ്
നുരഞ്ഞു പൊന്തുന്നത്
മകന്‍റെ വിശപ്പാണ്
തുളുമ്പി തൂവുന്നത്
പെങ്ങളുടെ മാനമാണ്
ആടികുഴയുന്നത്
ആനവാല്‍ പുരയാണ്
കാലി ആകുന്നത്
പിത്രുത്വമാണ്
എറിഞ്ഞുടക്കപെടുന്നത്
ജീവിതമാണ്‌
ഓടയില്‍ വീഴുന്നത്
അന്നന്നത്തെ അപ്പമാണ്