Thursday, December 16, 2010

കരയിലെ മീന്‍

കരയിലേക്ക് വലിച്ചെറിയപ്പെട്ട
മീനാണ് ഞാന്‍

എന്റെ വഴിതെറ്റിച്ചത്
ഒരു ശരീരമായിരുന്നു .
പ്രണയം യാചിച്ചവളുടെ
മുന്നില്‍ ഞാനന്ധനായി
"നിനക്കായി ഞാന്‍ "
എന്നവള്‍ കുറുകി
'എന്റേത് മാത്രമെന്ന '
ചിന്തയിലാ മേനി
പുണരവേയവളുടെ
ഉള്ളിലെ ചതിയെന്റെ
തൊണ്ടയില്‍ കുരുങ്ങി

കൂടയിലെ ഒരിറ്റു
വെള്ളമായിരുന്നു
പിന്നെയെന്റെ ലോകം

ഇന്ന് ,
പ്രണയത്തിന്റെ
കള്ളതുലാസില്‍ തൂങ്ങി
മരവിച്ചയെന്നെ
മറ്റൊരുവളുടെ വിശപ്പ്‌
എവിടെയോ കാത്തിരിക്കുന്നു

Friday, October 29, 2010

കാന്താരി

പ്രണയത്തിന്റെ പഴഞ്ചോര്‍
കഴുകിയെടുത്ത്‌ ഉപ്പു ചേര്‍ത്ത്
കഴിക്കവേ, അറിയാതെ കടിച്ച
കാന്താരി കണ്ണ് നിറയ്ക്കുന്നു

ചുംബനം

നിന്റെ കവിളില്‍
ചുംബിച്ചപ്പോള്‍ എന്നില്‍
പടര്‍ന്നു കയറിയ തീ
കൊഴുത്ത വെള്ളമൊഴിച്ച്
കെടുത്തി

Wednesday, July 21, 2010

മണിമുഴക്കം

കടലില്‍ ലയിക്കുനതിനു
തൊട്ടുമുന്‍പുള്ള നദിയുടെ
വെപ്രാളത്തെ കടമെടുത്ത്
കവി എഴുതി -
"മണിമുഴക്കം ! മരണദിനത്തിന്റെ
മണിമുഴക്കം മധുരം ! വരുന്നു ഞാന്‍ "

Saturday, June 26, 2010

3G

വിദൂരതയിലെ
നിന്റെ വാക്കുകള്‍
ഹൃദയത്തില്‍ ചുട്ടെടുത്ത്
ഇന്നത്തെ വിശപ്പടക്കി,
വിതക്കാതെ, കൊയ്യാതെ
തരിശായയെന്റെ പാടത്തിന്റെ
കാവല്‍പ്പുരയും തീവെച്ച്
തെരുവിലിറങ്ങുന്നു ഞാന്‍ .

അക്കങ്ങള്‍ക്കിടയില്‍
നിന്നിലേക്കുള്ള വഴിതേടി-
തേടി വികൃതമായ
'ചപ്പടാച്ചി' ഫോണിവിടെ-
വലിച്ചെറിയുന്നു .
ഇനിയൊരു “ 3G “ വേണം
സ്വരങ്ങള്‍ക്കുമപ്പുറം
നിന്റെ കണ്ണിന്റെ
ആഴങ്ങളില്‍ വീണു
മരിക്കാന്‍.




Sunday, March 7, 2010

സൗഹൃദം

സൗഹൃദത്തിന്റെ ശരശയ്യയില്‍
തൊണ്ട വരണ്ടു
കിടന്നപ്പോള്‍
ഭൂമിയിലേക്ക് അമ്പുപായിച്ച്
വെള്ളമിറ്റിച്ച, നിന്നെ
എനിക്ക്
ഒരു പരിചയവും ഇല്ലല്ലോ ?

Monday, March 1, 2010

റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്റ്

സഖി,
അറിയാതെ മാറി -
കയറിയ വണ്ടിയില്‍
നിന്നും ഞാന്‍
ഇറങ്ങുന്നു.
അല്‍പനേര പരിചയത്താല്‍
ചോദിക്കട്ടെ,
എനിക്കൊപ്പം
ഇറങ്ങുന്നോവോ ?
നമുക്കൊരുമിച്ചു
അടുത്ത വണ്ടി
കയറാം ......
ക്ഷമിക്കണം
ഇത്, റിസര്‍വേഷന്‍
കംപാര്‍ട്ടുമെന്റ്
ആയിരുന്നുവല്ലേ