Wednesday, August 31, 2011

മാറ്റി ഒട്ടിക്കുന്ന പൊട്ട്

ഒരു രാത്രി
അവള്‍ എനിക്ക് എഴുതി

ഭൂമിയിലെ വെളിച്ചങ്ങളെയും
ആകാശത്തിലെ നക്ഷത്രങ്ങളെയും
നമ്മുക്ക് തല്ലിക്കെടുത്താം

പകല്‍ വീണ്ടും എഴുതി

നിന്നില്‍ നിന്ന് എന്നെ
മറയ്ക്കുന്ന വസ്ത്രമൂരി
സൂര്യന്റെ കണ്ണുകെട്ടാം

വിയര്‍പ്പിന്റെ ഉപ്പുചുവച്ച
ഉച്ചയില്‍ പരവേശത്താല്‍
വെള്ളം ചോദിച്ചു

സിന്ദൂരം മാഞ്ഞ സന്ധ്യയില്‍
മാറ്റി ഒട്ടിക്കുവാന്‍
പൊട്ട് അന്വേഷിച്ചു

ഇതൊക്കെ തന്നെയാകും
ഇന്നലെ അവളുടെ
ആദ്യരാത്രിയിലും
സംഭവിച്ചിട്ടുണ്ടാവുക

Thursday, July 14, 2011

കാല്‍പനികന്‍

എനിക്കു മുന്‍പേ
ചത്തൊടുങ്ങിയ
കാല്‍പനികതയുടെ
പിന്‍ഗാമിയാകാന്‍
എനിക്കാവില്ല.
കാരണം -
എന്റെ പ്രണയങ്ങള്‍ക്ക്
വൃത്തവും പ്രാസവുമില്ല

കരട്

നീയൊഴുക്കിയ
കണ്ണീര്‍ പുഴയെന്നെ
നനയിക്കുന്നത്
നിന്റെ കണ്ണിലെ
കരടായി ഞാന്‍
വീണതിനാലാണ്

Saturday, June 4, 2011

പാതിയില്‍ നിന്നുപോയ ഒരു നാടകം

തിരശീല ഉയരും മുന്‍പ്
വേദിവിട്ടിറങ്ങിയോടിയ
പ്രണയനായിക
ഒരു ദശാസന്ധിയില്‍
ശൂന്യമായ -
തട്ടകത്തിലേക്ക്
തിരിച്ചെത്തി
ആദ്യ ഡയലോഗ്
"എന്നെ ഒരുപാട്
ഇഷ്ടമായിരുന്നോ ?"

നെഞ്ചില്‍ മഞ്ഞുകട്ട
ഇറക്കിവെച്ച് നടന്ന
കാലത്തിന്റെ
മുരടനക്കങ്ങള്‍
മുറിപ്പാടുകള്‍
വിങ്ങലുകള്‍
നോവുകള്‍
ചാലുകീറി



ഒരു വാക്ക് മാത്രം പറഞ്ഞു
കര്‍ട്ടനിട്ടു.


"ഞാന്‍ സ്നേഹിച്ചതു പോലെ
നിന്നെയാരും സ്നേഹിച്ചിട്ടുണ്ടാവില്ല "

Monday, May 30, 2011

വീഞ്ഞ്

പ്രണയത്തിന്റെ
ആദ്യനാളുകളില്‍, അവള്‍
എനിക്ക് പകര്‍ന്ന വീഞ്ഞ്
ഇന്ന് പഴകിയഴുകി -
യ്യേ ... ഹാ... ഫ്ഫൂ....

Friday, May 13, 2011

മഞ്ഞുമല

ഒരു ചെറുകിരണം മതി-
യേതു മഞ്ഞുമലയും
ഉരുകി ഇല്ലാതാകാന്‍

(പിന്‍കുറിപ്പ് -
ആഴത്തിലേക്ക് വീണ്ടും
ഉണ്ടെങ്കില്‍ റ്റൈറ്റാനിക്ക്
വരെ തകര്‍ക്കും !!
- സൂക്ഷിക്കുക
)

Thursday, May 12, 2011

ശ്രീ - മതി

കാത്തിരിപ്പിന്റെ തപസ്സില്‍
എന്നില്‍ മുളച്ച വേര്
നിന്റെ നെറ്റിതടത്തിലെ
ചുവപ്പ് പൊട്ടിച്ചെറിയുന്നല്ലോ

Tuesday, May 3, 2011

തെറ്റുധാരണ

നമ്മുടെ ഇടയിലെ
തെറ്റുധാരണയുടെയീ പാലം
നിര്‍മ്മിച്ചതാരാണ്
പഴകി ദ്രവിച്ചയതിന്റെ
ശിലാഫലകത്തില്‍
അവ്യക്തമായി
നീ എന്തെങ്കിലും കാണുന്നുണ്ടോ ?

ഒരു ഉപകാരവും ചെയ്യാതെ തന്നെ
നീ എനിക്ക് നന്ദി പറഞ്ഞു !
ഒരു ഉപദ്രവും ചെയ്യാതെ തന്നെ
നീ എന്നെ ദുഷ്ടന്‍ എന്ന് വിളിച്ചു !!

ഭയം

വലിയ ദുരന്തങ്ങള്‍ വരുമ്പോള്‍

ഞാന്‍ കണ്ണടച്ചിരിക്കുന്നത്

കാണുവാനുള്ള ഭയംകൊണ്ടല്ല

കണ്ണില്‍ ചെറിയ പൊടി വീഴാതിരിക്കാനാണ്